കുവൈത്തിൽ ഭക്ഷ്യ വിഷബാധ തടയാൻ ആരോഗ്യമന്ത്രാലയവും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും കൈകോർക്കുന്നു
റെസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് വിഷബാധയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി
കുവൈത്തിൽ ഭക്ഷ്യ വിഷബാധ തടയാൻ ആരോഗ്യമന്ത്രാലയവും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും കൈകോർക്കുന്നു. വിഷബാധാ കേസുകളില്‍ ഉറവിടം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കാനും, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ കർശനമാക്കാനുമാണ് തീരുമാനം.
റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് വിഷബാധയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി . ആരോഗ്യമന്ത്രാലയവും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും തമ്മിലുള്ള ഏകോപനത്തോടെ വിഷബാധകേസുകൾ കുറയ്ക്കുകയാണ് ലക്‌ഷ്യം. വിഷബാധയുടെ ഉറവിടം കണ്ടെത്താൻ ഇരു വിഭാഗവും ചേർന്നു അന്വേഷണം ശക്തമാക്കും. ഭക്ഷ്യോല്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും ഭക്ഷ്യ അതോറിറ്റി തയ്യാറാക്കി വരികയാണ്.
വിഷബാധകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഘട്ടങ്ങളിൽ ഓരോ ആരോഗ്യ മേഖലയിലെയും ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കോഓഡിനേറ്ററെ അറിയിക്കാൻ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന സംഭവങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും സംശയാസ്പദമായ ഭക്ഷണം തയാറാക്കിയ സ്ഥലങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഇതുമൂലം കഴിയും. ഭക്ഷണം തയാറാക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇവിടങ്ങളിലെ ജോലിക്കാർക്ക് പ്രത്യക്ഷമായ രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കും. ഹെൽത് കാർഡ് ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് വെച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16