രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളുടെ നാടുകടത്തൽ നടപടി വേഗത്തിലാക്കും; കുവൈത്ത്
1,80,000ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്.
കുവൈത്തിൽ രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളുടെ നാടുകടത്തൽ നടപടി വേഗത്തിലാക്കാൻ താമസകാര്യ വകുപ്പ് പ്രത്യേക ഓഫീസ് തുറക്കുന്നു. പൊലീസ് പരിശോധനയിൽ പിടിയിലാകുന്നവരിൽ താമസ നിയമം ലംഘിച്ചവരുടെ ഫയലുകൾ പ്രത്യേകം പരിശോധിച്ച് കാലതാമസമില്ലാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നതിനായാണ് അൽ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം ഓഫീസ് തുറക്കുന്നത്.
നാടുകടത്തൽ കേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ആഴ്ച നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ഡീപോർട്ടേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശം നൽകിയിരുന്നു. വിമാനത്താവളത്തോട് ചേർന്ന് പ്രത്യേക ഡീപോർട്ടേഷൻ സെൽ സജ്ജമാക്കാനും പദ്ധതിയുണ്ട്.
സ്വമേധയാ പിടി നൽകി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന താമസനിയമലംഘകർക്ക് വിമാനത്താവളത്തിലെ സെല്ലിൽ എത്തി നടപടികൾ പൂർത്തിയാക്കുന്നതോടെ നാടുകടത്തൽ കേന്ദ്രത്തിൽ താമസിക്കാതെ നാട്ടിലേക്ക് മടങ്ങാനാകും. താമസനിയമലംഘകർക്കെതിരെ കഴിഞ്ഞ മാസം മുതൽ പോലീസ് പരിശോധന ശക്തമാക്കിയതോടെ നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേരാണ് ഡീപോർട്ടേഷൻ സെന്‍ററില്‍ എത്തിയത്. വിമാന സർവിസ് സാധാരണ നിലയിലാകാത്തതും നടപടികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്. 1,80,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെലാം പിടികൂടി നാടുകടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
Adjust Story Font
16