കുവൈത്ത് പൊതുതെരഞ്ഞെടുപ്പ്: പ്രചാരണ ചൂടിൽ സോഷ്യൽ മീഡിയയും
സ്ഥാനാര്‍ഥികളില്‍ പലരും ഐടി സെൽ രൂപീകരിച്ചാണ് സോഷ്യൽ മീഡിയകൾ വഴി പ്രചാരണം നടത്തുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രചാരണ ചൂടില്‍ സോഷ്യല്‍ മീഡിയയും. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ്,ടിക്‌ടോക്ക്, സ്നാപ്പ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് പല സ്ഥാനാര്‍ഥികളും പ്രചാരണം നടത്തുന്നത്.
സ്ഥാനാര്‍ഥികളില്‍ പലരും ഐടി സെൽ രൂപീകരിച്ചാണ് സോഷ്യൽ മീഡിയകൾ വഴി പ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളിലും സോഷ്യൽ മീഡിയ നിർണായക സ്ഥാനം വഹിച്ചെങ്കിലും ഇത്തവണ സോഷ്യൽ മീഡിയകളിൽ കൂടിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ വര്‍ദ്ധിച്ചിട്ടുണ്ട് .സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് ആസ്ഥാനം തുറക്കുന്നതിനേക്കാൾ ചിലവ് കുറഞ്ഞതും നവ മാധ്യമങ്ങളിലേക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നതായി കുവൈത്ത് സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. ഇബ്രാഹിം അൽ ഹദ്ബാൻ പറഞ്ഞു.
അതിനിടെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത ഏറെയാണെന്നും വിവേകത്തോടെ ഉപയോഗിക്കണമെന്നും പ്രൊഫസർ ഡോ. നാസർ അൽ-മജൈബിൽ ചൂണ്ടിക്കാട്ടി. ഫേസ് ബുക്ക്, വാട്‌സ് അപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സജീവ മീഡിയകളിലെല്ലാം നിരവധി മെസേജുകളാണ് ദിവസേന പ്രചരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറുന്ന ചില മെസേജുകള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ജൂണ്‍ ആറിന് 50 അംഗ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 254 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചുമണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണ് പാര്‍ലിമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കുക.
Adjust Story Font
16