ഓൺലൈൻ തട്ടിപ്പിനിതെരെ മുന്നറിയിപ്പുമായി കുവൈത്ത് സർക്കാർ
വ്യക്തികളുടെ ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതിനായി പ്രവർത്തിക്കുന്ന വ്യാജ തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധമായ സുരക്ഷാ സർക്കുലർ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
ബാങ്കുമായി ബന്ധപ്പെട്ടതെന്ന രീതിയിൽ വരുന്ന സന്ദേശങ്ങളോട് മറുപടി നൽകരുതെന്നും സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളോ ലഭിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
ഒരു രീതിയിലും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി അല്ലെങ്കിൽ സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവയൊന്നും ആർക്കും നൽകരുത്. ബാങ്ക് ഉദ്യോഗസ്ഥരോ സർക്കാർ ജീവനക്കാരോ വ്യക്തിഗത വിവരങ്ങളൊന്നും ചോദിച്ച് വിളിക്കുകയില്ലെന്നും സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആരോടും വെളിപ്പെടുത്തരുതെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
ഏതെങ്കിലും രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ അക്കാര്യം പെട്ടെന്നു തന്നെ പൊലിസിനെ അറിയിക്കണമെന്നും പൊലിസിൽ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതിനനുസരിച്ച് കുറ്റവാളികളെ കണ്ടുപിടിക്കാനും തട്ടിപ്പുകാരിൽനിന്ന് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സാധ്യതകൾ കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16