ഫലസ്തീൻ ജനതയ്ക്കായി ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ച് കുവൈത്ത്
സാമൂഹികമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
കുവൈത്ത് സിറ്റി: ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന ഫലസ്തീൻ ജനതയ്ക്കായി കുവൈത്ത് സാമൂഹ്യകാര്യ മന്ത്രാലയം ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു. കാമ്പയിനിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ പ്രാദേശിക ചാരിറ്റി സംഘടനകളെ മന്ത്രാലയം ക്ഷണിച്ചു.
കാമ്പയിനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ചാരിറ്റികൾക്ക് അനുമതി നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കുവൈത്ത് പബ്ലിക് റിലേഷൻസ് ഡയറക്ടറും സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ ഇനേസി അറിയിച്ചു.
സാമൂഹികമന്ത്രി ശൈഖ് ഫിറാസ് സൗദ് അൽമാലിക് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
അതേസമയം, ഫലസ്തീന് പിന്തുണയുമായി കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി. സാമുഹിക- രാഷ്ട്രീയ മേഖലയിലെ അറബ് പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
അപമാനവും അധിനിവേശവും ആക്രമണവും നേരിടാൻ അറബ് രാഷ്ട്രത്തിന് മുന്നിലുള്ള ഏക പോംവഴി സമരത്തിലെ ജനകീയ ഐക്യദാർഢ്യമാണെന്ന് കുവൈത്ത് പ്രോഗ്രസീവ് മൂവ്‌മെന്റ് സെക്രട്ടറി ജനറൽ അഹമ്മദ് അൽദീൻ പറഞ്ഞു.
ഫലസ്തീന്‍റെ അന്തസു തത്വങ്ങളും ഉയർത്തിപ്പിടിച്ച് ചെറുത്തുനിൽപ്പില്‍ വിജയിക്കുമെന്ന് പോപുലർ ആക്ഷൻ മൂവ്‌മെന്റിന്റെ പ്രതിനിധി മുഹമ്മദ് അൽ-ദോസരി പറഞ്ഞു.
Adjust Story Font
16