കുവൈത്തിൽ കൂടുതൽ പാർക്കിങ് സൗകര്യം വരുന്നു; സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കമ്പനി
പദ്ധതി വിജയിച്ചാൽ നഗരങ്ങളിലെ പാർക്കിങ് പ്രതിസന്ധിക്ക് വലിയതോതിൽ പരിഹാരമാകും
കുവൈത്തിൽ കൂടുതല്‍ പാർക്കിങ് സൗകര്യമൊരുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള കരടുനിർദേശം പാർലമെന്‍റിന്‍റെ നിയമകാര്യ സമിതി അംഗീകരിച്ചു. നഗരങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പണം നല്‍കിയുള്ള പാര്‍ക്കിങ് സംവിധാനമൊരുക്കുകയാണ് നിർദിഷ്ട കമ്പനിയുടെ പ്രധാന ഉത്തരവാദിത്തം .
പാർലമെന്റ് അംഗങ്ങളായ ഉസാമ അൽ ഷാഹീൻ, അബ്ദുൽ അസീസ് അൽ സഖാബി, ഡോ. ഹമദ് അൽ മതർ എന്നിവർ സമർപ്പിച്ച കരട് നിർദേശമാണ് നിയമകാര്യ സമിതി അംഗീകരിച്ചത്. കമ്പനിയുടെ 50 ശതമാനം കുവൈത്ത് പൗരന്മാർക്ക് നൽകണമെന്നാണ് നിർദേശം. കൂടാതെ 24 ശതമാനം ഓഹരി സർക്കാറിനും മറ്റു അനുബന്ധ ഏജൻസികൾക്കു നല്‍കാനും ബാക്കി വരുന്ന 26 ശതമാനം കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കു നല്‍കാനുമാണ് നിര്‍ദേശം.
കാർ വാഷിംഗ്, വർക്ക്ഷോപ്, സ്പെയർപാർട്സ് വിൽപന എന്നിവക്കും കമ്പനി സംവിധാനമൊരുക്കണം. ഫീസിനത്തില്‍ ലഭിക്കുന്ന തുക സ്റ്റേറ്റ് ട്രഷറിയിൽ അടക്കണമെന്നും ബില്ലില്‍ പറയുന്നുണ്ട്. കുവൈത്ത് റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേയ്സ് ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിക്കാൻ 40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിന്‍റെ പദ്ധതി ആവശ്യമാണ്.
1990 മുതൽ 2009 വരെയുള്ള കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിര്‍മിച്ചിട്ടുണ്ട്. എന്നാൽ 2009നു ശേഷം ആകെ രണ്ട് കെട്ടിടങ്ങള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനവും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ നഗരങ്ങളിലെ പാർക്കിങ് പ്രതിസന്ധിക്ക് വലിയതോതിൽ പരിഹാരമാകും
Adjust Story Font
16