വിദേശികളുടെ വിസ നടപടികളുടെ ഭാഗമായുള്ള വൈദ്യ പരിശോധനക്ക് പുതിയ കേന്ദ്രം ഒരുക്കി കുവൈത്ത്
ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം നിർവഹിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വിസ നടപടികളുടെ ഭാഗമായുള്ള വൈദ്യ പരിശോധനയ്ക്ക് പുതിയ കേന്ദ്രം ഒരുക്കി ആരോഗ്യമന്ത്രാലയം. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളാണ് മെഡിക്കൽ ടെസ്റ്റിംഗ് സെന്ററാക്കി മാറ്റിയത്. നേരത്തെ കോവിഡ് ഫീൽഡ് ആശുപത്രിയായിരുന്ന എട്ടാം നമ്പർ ഹാൾ രോഗികൾ ഒഴിഞ്ഞതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണിപ്പോൾ ടെസ്റ്റിംഗ് സെന്ററാക്കി മാറ്റിയത്.
ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം നിർവഹിച്ചു. ശുവൈഖിലെ വിദേശികളുടെ മെഡിക്കൽ സെന്ററിൽ തിരക്ക് കുറക്കാൻ മിശ്രിഫ് കേന്ദ്രം സഹായിക്കും. ശുവൈഖിൽ പരിശോധനക്കെത്തുന്നവർ കനത്ത ചൂടിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ ചർച്ചയായതിനെ തുടർന്നു കഴിഞ്ഞ ഏപ്രിലിൽ സ്ഥലം സന്ദർശിച്ച മന്ത്രി മിശ്രിഫിൽ സൗകര്യമൊരുക്കാൻ നിർദേശം നൽകുകയായിരുന്നു.
ശുവൈഖിൽ കോവിഡിന് മുമ്പ് പ്രതിദിനം 1600 പേർ പരിശോധനക്ക് എത്തിയിരുന്നത് ഇപ്പോൾ ഇരട്ടിയായിട്ടുണ്ട്. ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്‌കരിച്ചിട്ടും തിരക്ക് തുടരുകയായിരുന്നു. ജനങ്ങൾ മുൻകൂട്ടി അപ്പോയന്റ്‌മെന്റ് എടുക്കാതെ വരുന്നതും അപ്പോയന്റ്‌മെന്റ് സമയം പാലിക്കാത്തതുമാണ് തിരക്കിന് കാരണമായി പറയപ്പെടുന്നത്.
Adjust Story Font
16