ഇന്ത്യയിൽനിന്ന് 7582 പേർ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ്.
കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിച്ചത്
ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോൾ 7582 പേർ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ്.സെപ്റ്റംബർ അഞ്ചുമുതൽ 11 വരെയുള്ള കണക്കാണ് ഡി.ജി.സി.എ പുറത്തു വിട്ടത് . ഇന്ത്യയിൽ നിന്നും ഈജിപ്തിൽ നിന്നുമായി 174 വിമാനങ്ങളിലായി 17,843 പേരാണ് തിരിച്ചെത്തിയത്.
ഇന്ത്യയിൽ നിന്ന് 85 വിമാനങ്ങളും ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളുമാണ് സർവീസ് നടത്തിയത്. വിദേശത്തുനിന്നുള്ള സർവീസുകൾ സജീവമായതിനനുസരിച്ച് വിമാനത്താവളത്തിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും സുഗമമായാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു.ആരോഗ്യ മന്ദ്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തനമെന്നും വ്യവസ്ഥകൾ പാലിക്കാതെ ഒരാളെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിനു താഴെയുള്ള വിദേശികൾക്ക് നിബന്ധനകളോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. രാജ്യത്ത് എത്തിയാൽ ഏഴുദിവസം ഇൻസ്റ്റിട്യൂഷണൽ ക്വാറന്‍റൈനും ഏഴു ദിവസം ഹോം ക്വാറന്‍റൈനും അനുഷ്ഠിക്കണം.കൂടാതെ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന സത്യവാങ് മൂലവും സമർപ്പിക്കണം .ഒരാൾക്ക് ഒറ്റത്തവണ മാത്രമേ ഈ ഇളവ് അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി .
Adjust Story Font
16