കുവൈത്തിലെ എംബസിയുടെ വളണ്ടിയര്‍ കാര്‍ഡ് ചീട്ടുകളി കേന്ദ്രത്തില്‍; വ്യാജ കാര്‍ഡുകള്‍ക്കെതിരെ കടുത്ത നടപടിയുമായി എംബസി
അബ്ബാസിയയിൽ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് 18 പേരെയാണ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.
എംബസിയുടെ പേരിൽ ചൂഷണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു . എംബസി മുൻകാലത്ത് നൽകിയ വളണ്ടിയർ കാർഡ് ഉപയോഗിച്ച് ചിലർ ചൂഷണം നടത്തുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് അംബാസഡർ മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം അബ്ബാസിയയിലെ ചീട്ടുകളി കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ പിടിയിലായ മലയാളിയുടെ വാഹനത്തിൽനിന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് ഇഷ്യൂ ചെയ്ത വളണ്ടിയർ കാർഡ് കണ്ടെത്തിയിരുന്നു. എന്നാൽ, എംബസി ഇത്തരം എല്ലാ കാർഡുകളും നേരത്തെ തന്നെ റദ്ദ് ചെയ്തതാണ്. എംബസിക്ക് പ്രിവിലേജഡ് വളണ്ടിയർമാർ ആരും നിലവിലില്ലെന്ന് കഴിഞ്ഞ മാസം ഓപൺ ഹൗസിൽ അംബാസഡർ വ്യക്തമാക്കിയിരുന്നു.
നേരത്തെ എംബസി വളണ്ടിയർ ആയിരുന്ന മലപ്പുറം സ്വദേശി കുര്യന്‍ കെ. ചെറിയാന്‍ എന്ന മനോജ് കുര്യനാണ് ചീട്ടുകളി കേന്ദ്രത്തിൽ നിന്ന് അറസ്റ്റിലായത്. എംബസിയിൽ അഭയം തേടി എത്തുന്ന ഗാർഹികജോലിക്കാരായ സ്ത്രീകളെ ഉപയോഗിച്ച് സമാന്തര ഷെൽട്ടർ നടത്തിയതുൾപ്പെടെ മനോജ് കുര്യൻ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ നേരത്തെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബി ജോർജ് അംബാസഡറായി ചുമതലയേറ്റ ശേഷം എല്ലാ വളണ്ടിയർ പാസുകളും പിൻവലിച്ചത്. അബ്ബാസിയയിൽ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് 18 പേരെയാണ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഇവിടെനിന്നും വിദേശമദ്യ കുപ്പികളും പിടികൂടി. ചില സാമൂഹിക പ്രവർത്തകർ ഇവരെ രക്ഷിക്കാൻ നടത്തിയ ശ്രമം ഫലം കണ്ടില്ലെന്നും നാടുകടത്തൽ നടപടികളിലേക്ക് അധികൃതർ കടന്നുവെന്നുമാണ് അറിയുന്നത്.
Adjust Story Font
16