തട്ടിപ്പ് തടയാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആന്റി ഫ്രോഡ് റൂം പദ്ധതി നടപ്പാക്കുന്നു
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും ലഭ്യമായ സെൻട്രൽ റൂം സ്ഥാപിക്കുന്നത്
ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആന്റി ഫ്രോഡ് റൂം പദ്ധതി നടപ്പാക്കുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും ലഭ്യമായ സെൻട്രൽ റൂം സ്ഥാപിക്കുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനും അത്തരം പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതോട് അനുബന്ധിച്ച വിവരങ്ങൾ നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക്, രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു.
ബാങ്ക് യൂണിയൻ, ആഭ്യന്തര മന്ത്രാലയം, സിട്രാ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ എന്നിവർ അടങ്ങിയതായിരിക്കും സമിതി. ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയുക, ഫണ്ട് കൈമാറ്റം, ആഭ്യന്തര മന്ത്രാലയവുമായി ബാങ്കിംഗ് റിപ്പോർട്ടുകൾ പങ്ക് വെക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രാഥമിക ചുമതല. സ്ഥിരമായി രാജ്യത്ത് നിന്ന് പണം തട്ടുന്ന അക്കൗണ്ടുകൾ കൂട്ടത്തോടെ പിടിക്കുന്നതോടെ സൈബർ തട്ടിപ്പുസംഘങ്ങളുടെ ശ്രമങ്ങൾ കുറയുമെന്നാണ് അധികൃതർ കരുതന്നത്.
ബാങ്ക് കാർഡുകളിലെ തട്ടിപ്പുകൾ രാജ്യത്ത് ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ബാങ്ക് കാർഡുകളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ആറു ഇരിട്ടി വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എല്ലാ ബാങ്കുകളെയും ബന്ധിപ്പിച്ചുള്ള സംവിധാനമായതിനാൽ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16