Quantcast

ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

രാജ്യത്ത് 95 കിലോ ഭക്ഷണ പദാര്‍ഥങ്ങള്‍ ഓരോ വ്യക്തിയും വര്‍ഷത്തില്‍ പാഴാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    12 Sep 2023 7:34 PM GMT

Kuwait is on the list of countries that waste the most food
X

കുവൈത്ത് സിറ്റി: ആഗോളതലത്തില്‍ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ 17 ശതമാനവും ഓരോ വർഷവും പാഴായിപ്പോകുന്നുവെന്നാണ് കണക്കുകള്‍.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം നാല് ലക്ഷം ടൺ ഭക്ഷണമാണ് കുവൈത്തില്‍ പാഴാക്കപ്പെടുന്നത്. രാജ്യത്ത് 95 കിലോ ഭക്ഷണ പദാര്‍ഥങ്ങള്‍ ഓരോ വ്യക്തിയും വര്‍ഷത്തില്‍ പാഴാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈനംദിന ഭക്ഷണങ്ങള്‍ അമിതമായി പാചകം ചെയ്യുന്നതും ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം.

അതിനിടെ ഭക്ഷ്യ ഉപഭോഗം യുക്തിസഹമാക്കാനുള്ള ദേശീയ കാമ്പയിൻ ആരംഭിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ വാണിജ്യ- വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ നിര്‍ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെയും ചാരിറ്റബിൾ കമ്മിറ്റികളിലെയും വിദഗ്ധരുടെ അഭിപ്രായങ്ങൾ കമ്മിറ്റി പരിശോധിക്കും.

ഭക്ഷണത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറ്റകൃത്യവും ദേശീയനഷ്ടമാണ്. ഇത് കുറയ്ക്കാനായി ദേശീയ പരിപാടി രൂപീകരിക്കണമെന്ന് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ മുഹമ്മദ് അൽ-മുസൈനി ആവശ്യപ്പെട്ടു. ഭക്ഷണം ആഡംബര വസ്തുവല്ല. മിച്ചമുള്ള ഭക്ഷണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം. രാജ്യത്തെ ഭക്ഷണം പാഴാക്കുന്ന പ്രശ്നം പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നതായും അൽ-മുസൈനി പറഞ്ഞു.


TAGS :

Next Story