അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനൊരുങ്ങി കുവൈത്ത്
വഫറ അബ്ദലി ഫീൽഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴു വരെ സ്വദേശികൾക്കും വിദേശികൾക്കും കുത്തിവെപ്പ് ലഭ്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു
അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . രക്ഷിതാവിന്റെ മൊബൈൽ ഫോൺ വഴി വാക്‌സിനേഷൻ തിയ്യതിയും സ്ഥലവും സമയവും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 12നും 15 നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഏതാണ്ട് പൂർത്തിയായ പശ്ചാത്തലത്തിലാണ് അഞ്ചിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. അടുത്ത ദിവസം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ അപ്പോയ്ന്റ്‌മെൻറ് വിവരങ്ങൾ രക്ഷിതാവിന്റെ ഫോണിലേക്ക് എസ എം എസ് വഴി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ വഫറ അബ്ദലി ഫീൽഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴു വരെ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്‌സിൻ എടുക്കാത്തവർക്കും ആദ്യ ഡോസ് എടുത്തു നിശ്ചിത സമയം പൂർത്തിയാക്കിയവർക്കും ഇവിടെ വാക്‌സിൻ ലഭ്യമായിരിക്കുമെന്നു മൊബൈൽ ഇമ്മ്യൂണൈസേഷൻ വിഭാഗം മേധാവി ഡോ. ദിന അൽ ദുഹൈബ് പറഞ്ഞു.
Adjust Story Font
16