Quantcast

കുവൈത്ത് മാൻപവർ അതോറിറ്റി നിശ്ചയിച്ച പ്രായപരിധി നിബന്ധന ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിച്ചതായി കണക്കുകൾ

ഈ വർഷം ആദ്യ മൂന്നു മാസത്തിനുള്ളിൽ മാത്രം 4000 പേരാണ് പ്രായക്കൂടുതൽ കാരണം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-07-15 18:07:36.0

Published:

15 July 2022 5:09 PM GMT

കുവൈത്ത് മാൻപവർ അതോറിറ്റി നിശ്ചയിച്ച പ്രായപരിധി നിബന്ധന ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിച്ചതായി കണക്കുകൾ
X

കുവൈത്ത് മാൻപവർ അതോറിറ്റി നിശ്ചയിച്ച പ്രായപരിധി നിബന്ധന ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിച്ചതായി കണക്കുകൾ. ഈ വർഷം ആദ്യമൂന്നു മാസത്തിനുള്ളിൽ മാത്രം 4000 പേരാണ് പ്രായക്കൂടുതൽ കാരണം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് . സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡിമിനിസ്ട്രേഷന്റെ സഹായത്തോടെ മാൻപവർ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്

ഈ വര്‍ഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തു വിട്ടത്. ഇതനുസരിച്ചു അറുപത് വയസ്സ് കഴിഞ്ഞവരും , സർവകലാശാല ബിരുദമില്ലാത്തവരുമായ 4000 വിദേശികളാണ് ഇക്കാലയളവിൽ കുവൈത്തിലെ താമസം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയത് മാൻപവർ അതോറിറ്റി നടപ്പാക്കിയ പ്രായപരിധി നിബന്ധന കാരണം ഈ വിഭാഗത്തിലുള്ളവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ 800 ദിനാറിൽ അധികം ചെലവ് വരുന്നുണ്ട്. ഇത് താങ്ങാനാവാത്തതാണ് പ്രവാസം അവസാനിപ്പിച്ചു മടങ്ങാൻ ചെറിയ വരുമാനക്കാരായ പ്രവാസികളെ നിര്ബന്ധിതരാക്കുന്നത്.

അഡ്മിനിസ്ട്രേറ്റിവ് , സപ്പോർട്ട് സർവീസ് മേഖലകളിൽ നിന്നാണ് മുതിർന്ന പ്രവാസികളുടെ കൊഴിഞ്ഞു പോക്ക് കൂടുതൽ . 60 കഴിഞ്ഞ 1423 പേരാണ് ഈ മേഖലയിൽ നിന്ന് പിരിഞ്ഞു പോയത് . സർവകലാശാല ബിരുദമുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. കൺസ്ട്രക്ഷൻ മേഖലയിൽ നിന്ന് 792 പേരും , കാർഷിക മത്സ്യബന്ധന മേഖലകളിൽനിന്നു 739 പേരും , റെസ്റ്റോറന്റ്, ഫുഡ് പ്രോസസിംഗ് മേഖലകളിൽ നിന്ന് 257 പേരും ഉല്പാദനമേഖലയിൽ നിന്ന് 103 പേരും പ്രായപരിധി നിബന്ധന കാരണം തൊഴിൽ പെർമിറ്റ് പുതുക്കാൻ സാധിക്കാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായാണ് കണക്ക്. 2021 ജനുവരിയിലാണ് 60 കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ആരോഗ്യ ഇൻഷുറൻസും വാർഷിക ഫീസും നിശ്ചയിച്ചു കൊണ്ട് മാൻപവർ അതോറിറ്റി പ്രായപരിധി നിയമം നടപ്പാക്കിയത്

TAGS :

Next Story