ബാലവേലയ്‌ക്കെതിരെ ക്യാമ്പയ്‌നുമായി കുവൈത്ത് മാൻ പവർ അതോറിറ്റി
തൊഴിലിടങ്ങളിലെ പരിശോധനക്കൊപ്പം പൊതുസമൂഹത്തിൽ ബോധവത്കരണ പരിപാടികളും നടത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാലവേല തടയാൻ പരിശോധന ക്യാമ്പയ്‌നുമായി മാൻ പവർ അതോറിറ്റി. 15 വയസ്സിന് താഴെയുള്ളവരുടെ എല്ലാതരം ജോലിയും 18 വയസ്സിന് താഴെയുള്ളവരുടെ ഭാരമേറിയതും അപകട സാധ്യതയുള്ളതുമായ ജോലിയും നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റിയുടെയും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള സ്ഥിരം സമിതിയുടെയും സഹകരണത്തോടെയാണ് മാൻപവർ പബ്ലിക് അതോറിറ്റി ബാലവേലക്കെതിരെ ക്യാമ്പയിൻ ആരംഭിച്ചത്.
നല്ല ഭാവിക്ക് വേണ്ടി വിദ്യാഭ്യാസം നേടൽ കുട്ടികളുടെ അവകാശമാണെന്നും തൊഴിലിടത്തിൽ ചൂഷണം നടത്തുന്നത് തടയാൻ രാജ്യവ്യാപകമായി പരിശോധന നടത്തുമെന്നും പാം മീഡിയ ഡയറക്ടർ അസീൽ അൽ മസീദ് പറഞ്ഞു. 'സുരക്ഷിതവും സന്തുലിതവുമായ കുട്ടിക്കാലത്തേക്ക്' എന്ന തലക്കെട്ടിലാണ് ക്യാമ്പയിൻ. തൊഴിലിടങ്ങളിലെ പരിശോധനക്കൊപ്പം പൊതുസമൂഹത്തിൽ ബോധവത്കരണ പരിപാടികളും നടത്തും.
15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് അനുവദനീയമായ ജോലി സമയം പ്രതിദിനം ആറ് മണിക്കൂറാണ്. അവർ തുടർച്ചയായി നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുത്. തുടർന്ന് ഒരു മണിക്കൂറിൽ കുറയാത്ത വിശ്രമം അനുവദിക്കണം. അധിക മണിക്കൂറും അവധി ദിവസങ്ങളിലും 18 വയസ്സിൽ താഴെയുള്ളവരെ ജോലി ചെയ്യിക്കുന്നതും നിയമവിരുദ്ധമാണ്. വൈകുന്നേരം ഏഴുമുതൽ രാവിലെ ആറ് വരെയും ഈ പ്രായവിഭാഗക്കാർക്ക് ജോലി വിലക്കുണ്ട്. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരുതരത്തിലുള്ള ജോലിക്കും നിയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16