കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം
പരിശോധന പൂര്‍ത്തിയാകുന്നതോടെ മൂന്ന് ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകള്‍ പിന്‍വലിക്കുമെന്നാണ് സൂചനകള്‍.
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ റോഡുകളിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ അധികൃതര്‍ ഒരുങ്ങുന്നത്. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 കുവൈത്ത് ദിനാർ ശമ്പളവും ഇല്ലാത്ത എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസൻസ് പിൻവലിക്കാൻ ഉന്നത അധികാരികൾ കർശന നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോർട്ട് ചെയ്തു.
പരിശോധന പൂര്‍ത്തിയാകുന്നതോടെ മൂന്ന് ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകള്‍ പിന്‍വലിക്കുമെന്നാണ് സൂചനകള്‍. റമദാന്‍ ആരംഭിച്ചതിന് ശേഷം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ് കുവൈത്ത്. നേരത്തെ തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്കായി ഫ്ലക്സിബിൾ സമയം നടപ്പിലാക്കിയെങ്കിലും ഫലം കണ്ടില്ല.ഓരോ വർഷവും വർധിച്ചു വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്‌തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകള്‍ പിന്‍വലിച്ചിരുന്നു.
Adjust Story Font
16