കുവൈത്തില്‍ ആപ്പിൾ പേ സേവനത്തിന് കമ്മീഷൻ ചുമത്താന്‍ നീക്കം
പോയിന്‍റ് ഓഫ് സെയിൽ വഴി നടത്തുന്ന സേവന ഇടപാടുകൾക്ക് വ്യാപാരികൾ പണം നൽകേണ്ടിവരും. കറൻസി ഉപയോഗം കുറഞ്ഞ് ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ കുവൈത്തിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ആപ്പിൾ പേ സേവനത്തിന് കമ്മീഷൻ ചുമത്താൻ നീക്കം. ഇത് സംബന്ധമായ സാധ്യതയെ കുറിച്ച് ബാങ്കുകൾ ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. പോയിന്‍റ് ഓഫ് സെയിൽ വഴി നടത്തുന്ന സേവന ഇടപാടുകൾക്ക് വ്യാപാരികൾ പണം നൽകേണ്ടിവരും. കറൻസി ഉപയോഗം കുറഞ്ഞ് ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ കുവൈത്തിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സേവന ചിലവുകൾ കൂടിയതിനെ തുടർന്നാണ് കമ്മീഷൻ ഏർപ്പെടുത്തുവാൻ ബാങ്കുകൾ ആലോചിക്കുന്നത്. ഉപഭോക്താക്കളുടെ ഓരോ പണ ഇടപാടും സുരക്ഷിതമായി കാർഡ്ലെസ് ആയി പൂർത്തിയാക്കാൻ സാധ്യമാകുന്ന പേയ്മെന്റ് രീതിയാണ് 'ആപ്പിൾ പേ'.കോൺടാക്റ്റ്ലെസ് റീഡറിന് സമീപം ഉപഭോക്താക്കൾ തങ്ങളുടെ ഐഫോൺ , സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ആപ്പിൾ പേ പേയ്മെന്റുകൾ നടത്തുന്നത്.
റെഗുലേറ്ററി, സാങ്കേതിക നിബന്ധനകൾ ഉറപ്പാക്കിയ ശേഷമാണ് ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നേരത്തെ രാജ്യത്ത് അവതരിപ്പിച്ചത്. ബാങ്ക് കമ്മീഷൻ ലിസ്റ്റിലെ ഏത് ഭേദഗതിക്കും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിൻറെ മുൻകൂർ അനുമതി ആവശ്യമാണ്. സെൻട്രൽ ബാങ്കിൻറെ അനുമതിക്കായി ബാങ്ക് അധികൃതർ നിർദ്ദേശങ്ങൾ സമർപ്പിച്ചതായാണ് സൂചനകൾ.
Adjust Story Font
16