Quantcast

കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് നിയമം പിൻവലിക്കുന്നു

കർശന നിബന്ധനകളുള്ള മുൻ തീരുമാനം റദ്ദാക്കുമെന്ന് പ്രാദേശിക പത്രങ്ങളുടെ റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    1 Dec 2024 11:29 AM GMT

Kuwait revokes work permit law for over 60-year-olds
X

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് നിയമം പിൻവലിക്കുന്നു. കർശന നിബന്ധനകളുള്ള മുൻ തീരുമാനം റദ്ദാക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, പബ്ലിക് അതോറിറ്റി ഫോർ മാൻ പവറി(പിഎഎം)ന്റെ 294/2023 നമ്പർ തീരുമാനത്തിന്റെ ആർട്ടിക്കിൾ ഒന്ന് റദ്ദാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമമായ അറബ് ടൈംസ് ഓൺലൈൻ.കോം റിപ്പോർട്ട് ചെയ്തു.

60 വയസ്സ് കഴിഞ്ഞ പ്രവാസികളായ തൊഴിലാളികൾക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസമോ അതിൽ താഴെയോ ആണെങ്കിൽ നിബന്ധനകൾക്ക് വിധേയമായി റെസിഡൻസി പുതുക്കുന്ന തീരുമാനം 2021 ജനുവരിയിലാണ് നടപ്പിലായത്. എന്നാൽ ബിരുദമോ അതിന് മുകളിൽ യോഗ്യതയുള്ളവർക്ക് താമസ രേഖ പുതുക്കുന്നതിന് ഇളവ് നൽകിയിരുന്നു.

നിലവിലെ നിയമമനുസരിച്ച് ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞവർക്ക് വർഷം തോറും വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസും മറ്റ് ഫീസുകളും അടക്കം 1000 ദിനാറിലധികമാണ് ചിലവാകുന്നത്. പുതിയ തീരുമാനത്തോടെ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസി തൊഴിലാളികൾക്ക് അധിക ഫീസ് നൽകാതെ അവരുടെ വർക്ക് പെർമിറ്റ് പുതുക്കാനോ മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനോ കഴിയും.

നിബന്ധനകൾ പിൻവലിച്ചതോടെ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള തൊഴിലാളികളെ രാജ്യത്ത് നിലനിർത്താനാകും. തീരുമാനം തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതിനെ തുടർന്നാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് അംഗീകാരം നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമം നടപ്പാക്കിയതിന് തുടർന്ന് പതിനായിരക്കിന് പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ പുതിയ നീക്കം ആശ്വാസമാകും.

ഹൈസ്‌കൂൾ ഡിപ്ലോമയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 250 കുവൈത്ത് ദിനാർ അധിക വാർഷിക ഫീസ് നൽകണമെന്നും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി നേടണമെന്നും നിബന്ധന വെച്ചുള്ളതാണ് നിലവിലുള്ള നിയമം. പുതിയ തീരുമാനത്തോടെ സിസ്റ്റം പഴയ അവസ്ഥയിലാകും. അതുവഴി 900 കുവൈത്ത് ദിനാർ വരെ ഫീസ് നൽകാതെ തന്നെ 60 വയസും അതിൽ കൂടുതലും പ്രായമുള്ള, യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത തൊഴിലാളികൾക്ക് അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനോ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാനോ കഴിയും.

വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാറും വർക്ക് പെർമിറ്റിന് 250 ദിനാറും അനുബന്ധ ചെലവുകളുമടക്കം 900 ദിനാർ ചിലവ് വരുമായിരുന്നതാണ് ഒഴിവാക്കിയത്. ഈ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അവരുടെ വർക്ക് പെർമിറ്റ് കൈമാറുന്നതിനോ പുതുക്കുന്നതിനോ യൂണിവേഴ്‌സിറ്റി ബിരുദം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി.

TAGS :

Next Story