കുവൈത്ത് -സൗദി റെയിൽവേ സാധ്യതാ പഠനത്തിന് അംഗീകാരം
കുവൈത്ത്-സൗദി ഹൈ സ്റ്റിയറിങ് കമ്മിറ്റിയുടെ ആറാമത്തെ യോഗമാണ് അംഗീകാരം നൽകിയത്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയും സൗദി അറേബ്യയിലെ റിയാദും തമ്മിലുള്ള റെയിൽവേ കണക്ഷൻ പദ്ധതിയുടെ സാധ്യതാ പഠനത്തിന് കുവൈത്ത്-സൗദി ഹൈ സ്റ്റിയറിങ് കമ്മിറ്റിയുടെ ആറാമത്തെ യോഗത്തിൽ അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ അറിയിച്ചു. 'ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ മേഖലയിൽ സുസ്ഥിരവും പരസ്പരബന്ധിതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പൊതു താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നു' കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ മഷാൻ പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസറിന്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെ മഷാൻ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് സന്ദർശനമെന്ന് അവർ പറഞ്ഞു. പഠനം ആറ് മാസത്തേക്ക് നീട്ടിയെന്നും തീവ്ര പരിശ്രമങ്ങളിലൂടെയും വിവിധ മേഖലകളിലെ നിരവധി ശിൽപശാലകളിലൂടെയും ഇരു രാജ്യങ്ങളിലെയും ടീമുകൾക്ക് തടസ്സങ്ങൾ മറികടക്കാൻ കഴിഞ്ഞുവെന്നും അവർ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളിലെയും പ്രോജക്ട് മാനേജ്മെന്റ് ടീമുകൾക്കിടയിൽ മിക്കവാറും എല്ലാ ദിവസവും മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നും ഇത് പ്രോജക്റ്റ് കെട്ടിപ്പടുക്കുന്നതിനുള്ള ബൗദ്ധികവും വികസനപരവുമായ ആശയവിനിമയം വർധിപ്പിച്ചതായും അവർ പറഞ്ഞു.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനം വിപുലീകരിക്കാനും സാമ്പത്തിക വികസനം സാധ്യമാക്കാനും ഉതകുന്ന ഇത്തരം സംരംഭങ്ങളെ കുവൈത്ത് സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. റെയിൽവേ പദ്ധതി ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും കുവൈത്തിലെയും സൗദിയിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംയോജനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉന്നത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ ജാസർ സംതൃപ്തി പ്രകടിപ്പിച്ചു. കുവൈത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമാണെന്നും ഗതാഗത, ലോജിസ്റ്റിക് സേവന മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പരസ്പര ആഗ്രഹവും ക്രിയാത്മക മനോഭാവവും ഉൾക്കൊള്ളുന്നതാണെന്നും ജാസർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വികസനം, വ്യാപാരം, ആശയവിനിമയം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഈ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16