കുവൈത്ത് സെവൻത് റിംഗ് റോഡ് വാഹനാപകടം; മരണപ്പെട്ടരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു
അപകടത്തിൽ മരണപ്പെട്ട അഞ്ചു ഇന്ത്യക്കാരുടെയും രണ്ടു ബംഗ്ലാദേശികളുടെയും മൃതദേഹമാണ് നാട്ടിലേക്കയച്ചത്
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിലെ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. അപകടത്തിൽ മരണപ്പെട്ട അഞ്ചു ഇന്ത്യക്കാരുടെയും രണ്ടു ബംഗ്ലാദേശികളുടെയും മൃതദേഹമാണ് വ്യാഴാഴ്ച നടപടികൾക്കു ശേഷം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയച്ചത്. മരണപ്പെട്ട ഇന്ത്യക്കാരിൽ നാലു പഞ്ചാബികളുടെ മൃതദേഹം അമൃത്സർ, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കും തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളം വഴി സ്വദേശത്തേക്കും എത്തിക്കും.
രണ്ട് ബംഗ്ലാദേശികളുടെ മൃതദേഹം ധാക്ക എയർപോർട്ട് വഴി നാട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് സബ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം ഒരുക്കിയിരുന്നു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ ആതുര സേവന വിഭാഗമായ മാഗ്‌നറ്റ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങളുടെ നടപടികൾ പൂർത്തിയാക്കിയത്. കുവൈത്തിലെ ഇന്ത്യൻ എംബസിയും തൊഴിലാളികളുടെ കമ്പനിയും വിഷയത്തിൽ ഇടപ്പെട്ടു.
Adjust Story Font
16