സര്‍ക്കാര്‍ ജോലിക്ക് മുന്‍പ് യുവാക്കള്‍ സ്വകാര്യമേഖലയില്‍ നിര്‍ബന്ധിത ജോലി ചെയ്യണമെന്ന നിര്‍ദ്ദേശവുമായി കുവൈത്ത്
- Published:
13 Jun 2022 2:23 PM GMT
സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ യുവതീ-യുവാക്കളെ ആഘര്‍ഷിക്കാനുള്ള പദ്ധതികളുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്ക് മുന്‍പ് യുവാക്കള്‍ സ്വകാര്യമേഖലയില്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെ സംയോജിപ്പിച്ച്, യുവജന തൊഴില്‍ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള പദ്ധതികള്‍ ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ഡയരക്ടര്‍ ഡോ. മിഷാല്‍ അല്‍ റബീഇയാണ് വെളിപ്പെടുത്തിയത്.
രാജ്യത്തെ യുവതലമുറ അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലകള്‍ തന്നെ തിരഞ്ഞെടുക്കുന്നതിനും സ്വകാര്യ തൊഴില്‍ വിപണിയില്‍ തന്നെ അവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ നടപടികളും പ്രോത്സാഹനവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെയും ബാങ്കുകളുടെയും ലോകബാങ്ക് പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച യോഗത്തിലാണ് വെളിപ്പെടുത്തല്‍. യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമുള്ള ജോലികള്‍ പദ്ധതിയിലൂടെ ലഭ്യമാക്കാന്‍ ശ്രമിക്കും.
അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള പരിശീലന കാലയളവ് 92 ദിവസത്തില്‍നിന്ന് ആറ് മാസമായി വര്‍ധിപ്പിക്കണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ ആക്ടിങ് അണ്ടര്‍സെക്രട്ടറി അബീര്‍ അല്‍ ദുഐജ് വ്യക്തമാക്കി.
Adjust Story Font
16