മനുഷ്യക്കടത്ത് തടയുന്നതിനായി കരുതൽ നടപടികളുമായി കുവൈത്ത്
മനുഷ്യക്കടത്തിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനായി കരുതൽ നടപടികളുമായി കുവൈത്ത് നീതിന്യായ മന്ത്രാലയം. മനുഷ്യക്കടത്ത് തടയുന്നതിൻറെ ഭാഗമായി ഹ്യൂമൺ ട്രാഫിക്കിംഗ് നാഷണൽ സമിതിയും അഭിഭാഷകരുടെ അസോസിയേഷനുമായി സഹകരണ കരാറിൽ ഒപ്പിട്ടു. നിയമപരമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സമൂഹത്തിൽ അവബോധം വളർത്തുകയാണ് സഹകരണ പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.
ദേശീയ പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായുള്ള സഹകരണം വളർത്തിയെടുക്കുന്നതിൽ പ്രോട്ടോക്കോൾ സുപ്രധാന ചുവടുവെപ്പാണെന്ന് മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയും നാഷണൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ താരിഖ് അൽ-അസ്ഫൂർ പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കുവാൻ കുവൈത്ത് പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായാണ് സഹകരണ കരാർ ഒപ്പിട്ടത്.
പെൺവാണിഭത്തിന് ഇരയായവർക്ക് നിയമസഹായവും ഉപദേശവും നൽകാനും കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ദേശീയ നിയമങ്ങളും അനുസരിച്ച് സംശയാസ്പദമായ മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിക്കും. അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും പ്രോട്ടോക്കോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അൽ-അസ്ഫൂർ പറഞ്ഞു.
നേരത്തെ ഹ്യൂമൺ ട്രാഫിക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് അധികൃതർ ആരംഭിച്ചിരുന്നു. നിലവിൽ കുവൈത്തിൽ മനുഷ്യക്കടത്തിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് ലഭിക്കുക. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാൾക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16