പരിപാടികൾക്ക് അനുമതി കർശനമാക്കി കുവൈത്ത്; ഓണാഘോഷ പരിപാടികൾ ഒഴിവാക്കി പ്രവാസി സംഘടനകള്‍
അധികൃതരുടെ അനുമതി എടുക്കാതെ നേരത്തെ പരിപാടി നടത്തിയ ശ്രീലങ്കക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന പരിപാടികൾക്ക് അനുമതി കർശനമാക്കിയതോടെ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടികൾ മാറ്റി വെക്കുന്നു. അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തുവാൻ ഇരുന്ന പല പരിപാടികളും റദ്ദാക്കുകയോ നീട്ടീവെക്കുകയോ ചെയ്തിരിക്കുകയാണ് പ്രവാസി സംഘടനകൾ. ഓണക്കാലമായാൽ സാധാരണ നിലയിൽ അവധി ദിവസങ്ങളായ വെള്ളി, ശനി ദിനങ്ങളിൽ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് വലിയ രീതിയിലാണ് ഓണ ആഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ പുതിയ സാഹചര്യത്തെ തുടർന്ന് നിരവധി പരിപാടികളാണ് റദ്ദാക്കുകയോ ഹോട്ടലുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുള്ളത്.
അധികൃതരുടെ അനുമതി എടുക്കാതെ നേരത്തെ പരിപാടി നടത്തിയ ശ്രീലങ്കക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ പൂർണ അനുമതി ലഭ്യമായതിന് ശേഷം മാത്രമാണ് ഭൂരിപക്ഷം സംഘടനകളും പരിപാടികൾ പ്രഖ്യാപിക്കുന്നത്. അനുമതി ലഭിച്ചാലും സംഘാടകർ, കൃത്യമായ സുരക്ഷാ ചട്ടങ്ങൾ പരിപാടി നടക്കുന്ന ഹാളിൽ ക്രമീകരിക്കണം.
കുടുംബമായും ബാച്ചിലറായും താമസിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു ഇത്തരം പരിപാടികൾ. എന്നാൽ പരിപാടികൾക്ക് വിലങ്ങ് വീണതോടെ റൂമിൽ തന്നെ ചെലവഴിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. അതോടപ്പം സുരക്ഷാപരിശോധനയുടെ ഭാഗമായി കെട്ടിടങ്ങളിലെ ബേസ്‌മെന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ഹാളുകൾ പൂർണമായി നീക്കം ചെയ്തത് പ്രാദേശിക പ്രവാസി സംഘടനകളുടെ ആഘോഷപരിപാടികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
Adjust Story Font
16