പതിനൊന്നാമത് ജി.സി.സി സംയുക്ത മുനിസിപ്പൽ വർക് കോൺഫറൻസിനു ചൊവ്വാഴ്ച കുവൈത്ത് വേദിയാകും
സ്മാർട്ട് മുനിസിപ്പാലിറ്റി’ എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികളുടെ പങ്കാളിത്തത്തോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനം നടത്തുന്നത്.
പതിനൊന്നാമത് ജി.സി.സി സംയുക്ത മുനിസിപ്പൽ വർക് കോൺഫറൻസിനു ചൊവ്വാഴ്ച കുവൈത്ത് വേദിയാകും. 'സ്മാർട്ട് മുനിസിപ്പാലിറ്റി' എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികളുടെ പങ്കാളിത്തത്തോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനം നടത്തുന്നത്.
കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹിയുടെ രക്ഷകർതൃത്വത്തിലാണ് പതിനൊന്നാമത് ജി.സി.സി മുനിസിപ്പൽ വർക്ക് കോൺഫറൻസ് നടക്കുന്നത്. മുനിസിപ്പാലിറ്റി പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. മുനിസിപ്പൽ പ്രവർത്തന മേഖലയിലെ അറിവുകളും അനുഭവങ്ങളും കൈമാറുക എന്ന ലക്ഷ്യത്തോടെ സമ്മേളനം നടത്തുന്നതെന്നു കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ അഹ്മദ് അൽ മൻഫൂഹി പറഞ്ഞു .
ജി.ഐ.എസ് സംവിധാനത്തിന്‍റെ മികച്ച ഉപയോഗങ്ങൾ, മുനിസിപ്പൽ പ്രവർത്തന മേഖലയിലെ സന്നദ്ധസേവനം, മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലുമുള്ള മികച്ച സമ്പ്രദായങ്ങൾ എന്നിവ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാരണം രണ്ട് വർഷം മുടങ്ങിയ സമ്മേളനമാണ് ചൊവ്വാഴ്ച നടക്കാനിരിക്കുന്നത്. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘവും നിരവധി സർക്കാർ ഏജൻസികളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംബന്ധിക്കും. ആദ്യ ദിവസം വിവിധ മേഖലകളിലെ വിജയികളെ പുരസ്കാരം നൽകി ആദരിക്കും. രണ്ടാം ദിവസം ചർച്ചാസമ്മേളനത്തിൽ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും പദ്ധതി രൂപരേഖയും പ്രബന്ധങ്ങളും അവതരിപ്പിക്കും. വിവിധ പരിശീലന സെഷനുകളും നടക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16