വൈദ്യുതി ശേഷി 375 മെഗാവാട്ട് വർധിപ്പിച്ച് കുവൈത്ത്
അൽ സൂർ സൗത്ത്, ഷുഐബ നോർത്ത് സ്റ്റേഷനുകളിൽ പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിച്ചു
കുവൈത്ത് സിറ്റി: വൈദ്യുതി ശേഷി 375 മെഗാവാട്ട് വർധിപ്പിച്ച് കുവൈത്ത്. അൽ സൂർ സൗത്ത്, ഷുഐബ നോർത്ത് സ്റ്റേഷനുകളിൽ പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിച്ചാണ് രാജ്യം വൈദ്യുതി ശേഷി വർധിപ്പിച്ചത്. വേനൽക്കാലത്തിന്റെ ആരംഭത്തിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അനുഭവിച്ച വൈദ്യുതി ക്ഷാമത്തിന് ആശ്വാസം പകരുന്നതാണ് പുതിയ നടപടി. പീക്ക് ലോഡുകൾ 16,460 മെഗാവാട്ടിൽ എത്തിയിട്ടും ഷെഡ്യൂൾ ചെയ്ത പവർകട്ടുകൾ അവലംബിക്കാതെ രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ നീക്കം മന്ത്രാലയത്തെ സഹായിക്കും.
ഗൾഫ് മേഖലയിൽ നിന്നുള്ള പിന്തുണയ്ക്കൊപ്പം പുതിയ ഉൽപ്പാദന യൂണിറ്റുകളിൽനിന്നുള്ള വൈദ്യുതി കൂടിയാകുമ്പോൾ ഉൽപ്പാദന ശേഷി ഗണ്യമായി ഉയർത്താനായതായി മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്തു. അധിക യൂണിറ്റുകൾ ലഭിക്കുന്നതോടെ നിശ്ചിത പവർകട്ടുകൾ ഇല്ലാതെ തന്നെ വേനൽക്കാലത്തെ ആവശ്യം നിറവേറ്റാനാകുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.
ഉയർന്ന താപനില മൂലം വേനൽക്കാലത്ത് കുതിച്ചുയരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിനായി ഈ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ മന്ത്രാലയം തീവ്രശ്രമം നടത്തുന്നുണ്ട്.
Adjust Story Font
16