കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയേക്കില്ല
വാക്സിനേഷൻ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബദൽനടപടികൾക്കാണ് മുൻഗണന നൽകുന്നതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് ഹമദ് അൽ അലി അസ്വബാഹ് പറഞ്ഞു
കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ സാധ്യമാകുന്ന എല്ലാ ബദൽ മാർഗങ്ങളും സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതി വ്യക്തമാക്കി. വാക്സിനേഷൻ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബദൽനടപടികൾക്കാണ് മുൻഗണന നൽകുന്നതെന്ന് സമിതി ചെയർമാനും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് അൽ അലി അസ്വബാഹ് പറഞ്ഞു.
കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിലും തൽക്കാലം ലോക്ഡൗണും കർഫ്യൂവും നടപ്പാക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. അതേസമയം, സാഹചര്യം നിരീക്ഷിച്ച് അനിവാര്യമായ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോകുകയും ചെയ്യും. അടച്ചിടൽ പരമാവധി ഒഴിവാക്കി മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി കൂടിയായ ശൈഖ് ഹമദ് അൽ അലി അസ്വബാഹ് പറഞ്ഞു.
ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനനടപടികൾ കൈക്കൊള്ളും. കോവിഡ് വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും രോഗികളുടെ എണ്ണം പെരുകുന്നത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും വിപണിക്കും തൊഴിലിനും ഏൽക്കുന്ന ആഘാതം കണക്കിലെടുത്താണ് ലോക്ഡൗൺ പ്രഖ്യാപിക്കാത്തത്. ജനങ്ങൾ ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പിനായി മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Adjust Story Font
16