വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങളുമായി കുവൈത്ത്
ഒന്നര വർഷത്തോളം സ്‌കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനമികവിനെ ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങൾ ആരംഭിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഒന്നര വർഷത്തോളം സ്‌കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനമികവിനെ ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർത്ഥികളിൽ നടത്തിയ ഡയഗ്‌നോസ്റ്റിക്, അനലറ്റിക് പരിശോധനകളിലാണ് ദീർഘനാളത്തെ അടച്ചിടൽ വിദ്യാർത്ഥികളുടെ പല കഴിവുകളെയും പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയത്. ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം പരിഗണിച്ച് കൂടുതൽ ശ്രദ്ധ കൊടുത്തുള്ള തുടർപ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് പരിഹരിക്കാനാവൂ എന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
വിദഗ്ധരുമായി കൂടിയാലോചിച്ച് ഇതിനായി പദ്ധതി തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ലാസ് സമയം, ഹാജർ സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നിലവിൽ ഓരോ വിദ്യാർഥിയും ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസിലെത്തുന്ന രീതിയാണ് തുടരുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തെ കരിക്കുലം വെട്ടിക്കുറക്കുന്നതും പരിഗണിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പൂർണതോതിൽ പ്രവർത്തിക്കുന്നതിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ആദ്യ സെമസ്റ്ററിലെ കരിക്കുലം വെട്ടിക്കുറക്കാൻ ആലോചിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം നഷ്ടമായ അധ്യയന സമയത്തിന് പകരമായി രാത്രികാല ക്ലാസുകളും പരിഗണിക്കുന്നുണ്ട്.
Adjust Story Font
16