ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫയർഫോഴ്‌സിന്റെയും ആസ്ഥാനങ്ങൾ സന്ദർശിച്ച് കുവൈത്ത് അമീർ
കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആഭ്യന്തര മന്ത്രാലയത്തിന്റെയും കുവൈത്ത് ഫയർ ഫോഴ്‌സിന്റെയും ആസ്ഥാനങ്ങൾ സന്ദർശിച്ചു. കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് എന്നിവരും അമീറിനെ അനുഗമിച്ചു.
ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുള്ള അൽ സലീം അസ്സബാഹ്, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സലീം നവാഫ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായി അമീർ ആശയവിനിമയം നടത്തി. രാജ്യത്തിന്റെ യുവജനങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിയമം ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കാനും ജാഗ്രത പാലിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സുരക്ഷാ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കേണ്ടതിന്റെയും പരിശീലനത്തിലൂടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെയും ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അമീർ ഊന്നിപ്പറഞ്ഞു. പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിലുള്ള വിശ്വാസം വർധിപ്പിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും നിയമ നിർവ്വഹണത്തിൽ നീതിയും സമത്വവും ഉറപ്പാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും പുതിയ ഗതാഗത നിയമം കർശനമായി നടപ്പാക്കണമെന്ന് അമീർ നിർദ്ദേശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിൽ വഹിക്കുന്ന സുപ്രധാന പങ്ക് അദ്ദേഹം പ്രശംസിച്ചു. നൂതന ബയോമെട്രിക് സാങ്കേതികവിദ്യയുടെ ഉപയോഗവും സേവനങ്ങൾ ലളിതമാക്കുന്ന ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളും അദ്ദേഹം അഭിനന്ദിച്ചു. സുരക്ഷാ മേഖലയിലെ കുവൈത്തി വനിതകളുടെ സംഭാവനകളെയും അവരുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
തുടർന്ന്, കുവൈത്ത് ഫയർ ഫോഴ്‌സിന്റെ ആസ്ഥാനം സന്ദർശിച്ച അമീർ, ഫയർ ഫോഴ്‌സിന്റെ സേവനത്തിലും ത്യാഗത്തിലും തനിക്കുള്ള അഭിമാനം പ്രകടിപ്പിച്ചു. ഫയർ ഫോഴ്‌സിന്റെ കാര്യക്ഷമതയും സജ്ജീകരണവും വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ദുരന്ത നിവാരണത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും സൈനിക, സുരക്ഷാ, സിവിൽ മേഖലകളുമായി സഹകരണം ശക്തിപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു.
കുവൈത്ത് ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി അമീറിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചു. ഡിജിറ്റൽ പരിവർത്തനം, പ്രതിരോധ പരിശോധനകൾ, സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം, പുതിയ ഫയർ സ്റ്റേഷൻ സ്ഥാപനം, പരിശീലന പരിപാടികൾ, പൊതു അവബോധ ക്യാമ്പയ്‌നുകൾ എന്നിവ ഉൾപ്പെടെയുള്ള സമീപകാല നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു.
Adjust Story Font
16