ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ കുവൈത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ
ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാണെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍. പ്രാദേശിക വിപണിയിൽ തൊഴിലാളികളുടെ ക്ഷാമവും ഡീസല്‍ ലഭ്യതക്കുറവും മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കടലിൽപോകുന്ന ബോട്ടുകൾ കുറഞ്ഞതോടെ ഷർഖ്, ഫഹാഹീൽ വിപണികളിൽ മത്സ്യം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. ഒരുതവണ കടലില്‍ പോകാന്‍ 400 ദിനാറില്‍ കൂടുതലാണ് ചിലവ് വരുന്നത്.എന്നാല്‍ ഉയർന്ന പ്രവർത്തനച്ചെലവും സബ്‌സിഡി ഡീസല്‍ ലഭിക്കാത്തതും ഇപ്പോഴത്തെ ചിലവ് ഇരട്ടിയാക്കുന്നു.
അതിനിടെ ഒരു കൊട്ട ചെമ്മീനിന്റെ വില 100 ദിനാറായി ഉയര്‍ന്നതായി യൂണിയൻ പറഞ്ഞു. സബ്‌സിഡി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ മുഴുവൻ വിഹിതവും വിതരണം ചെയ്യാനും യൂണിയൻ ആവശ്യപ്പെട്ടു.
വെറുതേ ഡീസല്‍ പാഴാക്കാനില്ലാത്തതിനാല്‍ ബോട്ടുകളിപ്പോള്‍ ഏറെനേരം കടലില്‍ ചെലവഴിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.
Adjust Story Font
16