കുവൈത്തിലെ പുതിയ തൊഴിൽ വിസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും
പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ തൊഴിൽ വിസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും. വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിന്റെ അധിക ഫീസും മൂന്ന് വർഷത്തിൽ താഴെ കാലയളവിൽ രാജ്യത്തുള്ള തൊഴിലാളിയെ മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് 300 ദിനാറിന്റെ ട്രാൻസ്ഫർ ഫീസും പുതിയ മാറ്റത്തിൽ ഉൾപ്പെടുന്നുണ്ട്. തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തൊഴിലാളിക്ക് കമ്പനി മാറാനാകുക.
ജൂൺ ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പാക്കാൻ അതോറിറ്റിയുടെ സംവിധാനങ്ങൾ തയ്യാറാണെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൂടാതെ, എല്ലാ ഗവർണറേറ്റുകളിലുമുള്ള പരിശോധനാ സംഘങ്ങൾ ജൂൺ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കാനും തയ്യാറാണ്.
Adjust Story Font
16