കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 35,000 ലഹരി ഗുളികയും 35 കിലോ മയക്കുമരുന്നും പിടികൂടി
നുവൈസീബ്, അബ്ദാലി അതിർത്തികളിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധയിടങ്ങളിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. വിമാനമാർഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടയുകയും നുവൈസീബ്, അബ്ദാലി അതിർത്തികളിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഏകദേശം 35,000 ലഹരി ഗുളികകൾ പിടികൂടി. 32,000 വും 1800 ഉം വീതം ഗുളികകളുള്ള രണ്ട് പാഴ്‌സലുകളാണ് പിടികൂടിയത്. 1067 ലഹരി ഗുളികകളുമായി ഒരാളെ അബ്ദാലി അതിർത്തിയിൽ പിടികൂടി.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വിമാനം വഴി എത്തിയ ഒരു പാഴ്സലിൽ നിന്ന് 35 കിലോഗ്രാം മയക്കുമരുന്ന് രാസവസ്തു പിടിച്ചെടുത്തതായും അധികൃതർ പ്രസ്താവനയിൽ വെളിപ്പെടുത്തി. കൂടാതെ, രണ്ട് വ്യത്യസ്ത പാഴ്‌സലുകളിലായി 1,474 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. യൂറോപ്യൻ രാജ്യത്ത് നിന്ന് കൊണ്ടുവന്ന പാഴ്‌സലിൽ 1,074 ഗ്രാമും ഏഷ്യൻ രാജ്യത്ത് നിന്ന് കൊണ്ടുവന്നതിൽ 400 ഗ്രാമുമാണ് പിടികൂടിയത്.
നുവൈസീബ് അതിർത്തിയിൽനിന്ന് കസ്റ്റംസ് വകുപ്പ് പിടികൂടിയയാളിൽനിന്ന് 2.3 ഗ്രാം ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. പിടികൂടിയവരെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ആവശ്യമായ നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറിയെന്നും അറിയിച്ചു.
Adjust Story Font
16