'തടവുകാരെ മികച്ച പൗരന്മാരാക്കി മാറ്റണം'; നിർദേശവുമായി കുവൈത്ത് ആഭ്യന്തരമന്ത്രി
''മനുഷ്യാവകാശ സംരക്ഷണ കാര്യത്തിൽ കുവൈത്തിന്റെ സ്ഥാനം ഉയർത്തുന്ന കാര്യങ്ങളാണിത്''
കുവൈത്ത്: കുവൈത്തിൽ തടവുകാരെ മികച്ച പൗരന്മാരാക്കി പരിവർത്തിപ്പിക്കുന്നതിന് പരിശീലന പദ്ധതികൾ നടപ്പാക്കണമെന്ന് നിർദേശം. സെൻട്രൽ ജയിലിൽ സന്ദർശനം നടത്തവേ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്വബാഹ് ആണ് ഇക്കാര്യം നിർദേശിച്ചത്. തടവുകാരോടുള്ള സമീപനം മനുഷ്യാവകാശ രംഗത്ത് കുവൈത്തിന്റെ സ്ഥാനം ഉയർത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു .
ശനിയാഴ്ച ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസിനൊപ്പമാണ് ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്വബാഹ് സെൻട്രൽ ജയിലിൽ സന്ദര്ശനം നടത്തിയത്. ഉന്നത സുരക്ഷാഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ജയിലിലെ സൗകര്യങ്ങൾ പരിശോധിച്ച ശൈഖ് തലാൽ തടവുകാർക്ക് നൽകി വരുന്ന വിവിധ സേവനങ്ങളെ കുറിച്ച് ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചറിഞ്ഞു.
തടവുകാരുടെ താമസം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബ സന്ദർശന സൗകര്യം , വിനോദത്തിനും വ്യായാമത്തിനുമായുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് തുടരാനും സമൂഹത്തിലെ നല്ല അംഗങ്ങളാകാൻ തടവുകാരെ യോഗ്യമാക്കുന്നതിനായി പരിശീലന പദ്ധതി വികസിപ്പിക്കാനും ശിപാർശ ചെയ്തു. മനുഷ്യാവകാശ സംരക്ഷണ കാര്യത്തിൽ കുവൈത്തിന്റെ സ്ഥാനം ഉയർത്തുന്ന കാര്യങ്ങളാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തടവുകാരെ കാണാൻ എത്തുന്നവർ ആരായാലും സുരക്ഷാ പരിശോധന കൂടാതെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്വയം പരിശോധനക്ക് വിധേയമായാണ് ശൈഖ് തലാൽ നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നു ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചത്.
Adjust Story Font
16