Quantcast

കുവൈത്തിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ

സ്ഥാപനങ്ങളിൽ അംഗീകൃത കീടനിയന്ത്രണ കമ്പനികളുടെ സേവനം നിർബന്ധമാക്കും

MediaOne Logo

Web Desk

  • Published:

    20 July 2024 12:44 PM GMT

കുവൈത്തിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിന്റെ അംഗീകൃത കീടനിയന്ത്രണ കമ്പനികളുടെ സേവനം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് പുതുക്കുന്നതിനോ പുതിയതായി ഏറ്റെടുക്കുന്നതിനോ ഉള്ള മാനദണ്ഡങ്ങളിൽ ഒന്നായി ഇത് ഉൾപ്പെടുത്തും.

പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമം. ഭക്ഷ്യവസ്തുക്കളിൽ കീടങ്ങളുടെയും എലികളുടെയും ശല്യം ഉണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള കീടനാശിനികളും മറ്റ് ഉപകരണങ്ങളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലൂടെ പുതിയ നിയമം ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്ക്കുന്നു.

വാണിജ്യ- വ്യവസായം, ആരോഗ്യം, സാമൂഹ്യക്ഷേമം, സഹകരണ സംഘങ്ങളുടെ യൂണിയൻ, ഭക്ഷ്യ വകുപ്പ് അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു കമ്മിറ്റി പുതിയ നിയമം രൂപീകരിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഫുഡ് ബിസിനസുകളും സഹകരണ സംഘങ്ങളും ലൈസൻസുള്ള കീടനിയന്ത്രണ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കും.

റെസ്റ്റോറന്റുകൾ, കോഴി കടകൾ, ഗ്രോസറി സ്റ്റോറുകൾ എന്നിങ്ങനെ ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഗോഡൗണുകൾ, വാടകയ്ക്ക് എടുത്ത കടകൾ എന്നിവയടക്കം എല്ലാ സൗകര്യങ്ങളിലും കീടനിയന്ത്രണ നടപടികൾ നടപ്പിലാക്കണം. കീടനിയന്ത്രണ സേവനങ്ങൾക്കുള്ള കരാറുകൾ സഹകരണ സംഘങ്ങൾ വഴിയാണ് നടത്തേണ്ടത്. ചട്ടങ്ങൾ പാലിക്കാത്തവർക്ക് പിഴ ഈടാക്കും.

ഓരോ സഹകരണ സംഘവും ഏതൊക്കെ കീടനിയന്ത്രണ കമ്പനികളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് കണ്ടുപിടിക്കുന്നതിനായി ഒരു റിപ്പോർട്ട് തയ്യാറാക്കും. ആരോഗ്യവകുപ്പി അംഗീകൃത കമ്പനികളുടെ പട്ടിക എല്ലാ സഹകരണ സംഘങ്ങൾക്കും വിതരണം ചെയ്യും. പുതിയ ചട്ടങ്ങൾ പാലിക്കുന്നതിന് ഇത് സഹായിക്കും.

TAGS :

Next Story