Quantcast

മൂന്ന് പതിറ്റാണ്ടിനിടെ അര ദശലക്ഷത്തിലേറെ പേരെ നാടുകടത്തി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ വർഷം 42,000 പേരെയും 2024 ഇതുവരെ 25,000 പേരെയും നാടുകടത്തി

MediaOne Logo

Web Desk

  • Published:

    18 Oct 2024 5:51 AM GMT

Residence, labour violations: 21,190 people were deported in Kuwait this year
X

കുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടെ 595,211 പേരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ അൽ മിസ്ബാഹ് ഒരു അഭിമുഖത്തിൽ പറഞ്ഞതായി അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം 42,000 പ്രവാസികളെയും 2024 ഇതുവരെയായി 25,000 പ്രവാസികളെയും നാടുകടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. നാടുകടത്തപ്പെട്ടവരുടെ വിമാന ടിക്കറ്റിന്റെ ഉത്തരവാദിത്തം സ്‌പോൺസർമാർക്കാണെന്നും ടിക്കറ്റ് റിസർവേഷനും പുറപ്പെടൽ നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി പ്രോസസ്സ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു യാത്രാ രേഖയോ പാസ്പോർട്ടോ ഉപയോഗിച്ചാണ് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതെന്നും വ്യക്തിയുടെ വിരലടയാളമെടുക്കുമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുമ്പ് അവരെ നാടുകടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും ബ്രിഗേഡിയർ അൽ മിസ്ബാഹ് വ്യക്തമാക്കി.

സുലൈബിയയിലെ പുതിയ കെട്ടിടം ഏകദേശം 90 ശതമാനം പൂർത്തിയായതായും നാടുകടത്തപ്പെടുന്ന സ്ത്രീകളെ അവിടേക്ക് താമസിയാതെ മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ കെട്ടിടത്തിൽ സന്ദർശകർക്കായുള്ള വലിയ ഹാൾ, അഭിഭാഷകർക്കുള്ള ഇടം, അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൂപ്പർമാർക്കറ്റ്, കൂടാതെ ഹരിത പ്രദേശങ്ങൾ എന്നിവയുമുണ്ടാകും. തടവുകാരുടെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഫസ്റ്റ് ഉപപ്രധാനമന്ത്രി- പ്രതിരോധ മന്ത്രി- ആഭ്യന്തര മന്ത്രി കാണിച്ച വലിയ താൽപര്യം ബ്രിഗേഡിയർ അൽ മിസ്ബാഹ് ചൂണ്ടിക്കാണിച്ചു.

TAGS :

Next Story