പുതുവർഷം; സുരക്ഷ ശക്തമാക്കി കുവൈത്ത്
രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി
കുവൈത്തില്‍ പുതുവര്‍ഷം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. രാജ്യവ്യാപകമായി മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും.
രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പുതുവർഷ ആഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത് . തെരുവുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങില്‍ ആളുകളെ നിരീക്ഷിക്കാന്‍ യുനിഫോമിലും മഫ്തിയിലുമായി 8,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട് .
മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാവിധ അതിര്‍ത്തി ചെക്ക് പോയിന്റുകളും കര്‍ശന നിരീക്ഷണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണമുണ്ടായിരിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാ പ്രധാന റോഡുകളിലും കൂടുതല്‍ ട്രാഫിക് പോലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ മാളുകൾ, ചാലറ്റുകൾ, ഫാമുകൾ, ഡെസേർട്ട് ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16