മിഡിൽ ഈസ്റ്റിൽ ആണവായുധ രഹിത മേഖലയ്ക്ക് പ്രാദേശിക, അന്തർദേശീയ സഹകരണം ആവശ്യം: കുവൈത്ത് അംബാസഡർ
ആണവായുധങ്ങളും നശീകരണ ആയുധങ്ങളുമില്ലാത്ത മിഡിൽ ഈസ്റ്റ് സോൺ സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ അഞ്ചാമത് സമ്മേളനത്തിലാണ് കുവൈത്ത് അംബാസഡർ താരീഖ് അൽബനായ് ആവശ്യം ഉന്നയിച്ചത്
കുവൈത്ത്: മിഡിൽ ഈസ്റ്റിൽ ആണവായുധ രഹിത മേഖല സ്ഥാപിക്കാൻ പ്രാദേശിക, അന്തർദേശീയ സഹകരണം ആവശ്യമാണെന്ന് യുഎന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ താരീഖ് അൽ ബനായ് പറഞ്ഞു. ആണവായുധങ്ങളും വൻതോതിലുള്ള നശീകരണ ആയുധങ്ങളുമില്ലാത്ത മിഡിൽ ഈസ്റ്റ് സോൺ സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ അഞ്ചാമത് സമ്മേളനത്തിലാണ് അൽ ബനായ് ഇക്കാര്യം ഉന്നയിച്ചത്. നവംബർ 18 മുതൽ 22 വരെ ന്യൂയോർക്കിലാണ് സമ്മേളനം നടക്കുന്നത്.
മേഖലയിൽ ആണവ രഹിത സോൺ സ്ഥാപിക്കാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അൽ ബനായ് പ്രകടിപ്പിച്ചു. യു.എൻ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച രാജ്യം ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റി രൂപീകരണം ഉൾപ്പെടെ നിരവധി നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. മുൻ സെഷനുകളിൽ സുപ്രധാന നടപടികൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ രാജ്യങ്ങൾ അടങ്ങുന്ന ചെറിയ ഗ്രൂപ്പ് സ്ഥാപിക്കാൻ നാലാം സെഷനിൽ കുവൈത്ത് നിർദ്ദേശം നൽകി. സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഗ്രൂപ്പ് രൂപീകരണം അംഗീകരിക്കാൻ കുവൈത്ത് അംബാസഡർ ഐക്യരാഷ്ട്ര സഭയോട് അഭ്യർത്ഥിച്ചു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ മേൽനോട്ടത്തിന് പുറത്ത് പ്രവർത്തിക്കുന്ന രഹസ്യ ആണവ കേന്ദ്രങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അദ്ദേഹം ആശങ്ക ഉന്നയിച്ചു. അത്തരം പ്രവർത്തനങ്ങൾ പ്രാദേശികവും ആഗോളവുമായ സുരക്ഷക്ക് നേരിട്ട് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി. ആണവായുധ നിർവ്യാപന ഉടമ്പടിയിലും (എൻ.പി.ടി), സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടിയിലുമുള്ള പ്രതിബദ്ധതയില്ലായ്മയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ആയുധ നശീകരണം മേഖലയിൽ സുരക്ഷ ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ട് നിന്ന ഇസ്രായേൽ മാത്രമാണ് എൻ.പി.ടിയിൽ ചേരാത്ത ഏക രാഷ്ട്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ രാഷ്ട്രങ്ങളും ഈ പ്രക്രിയയിൽ ഏർപ്പെടുമെന്ന് കുവൈത്ത് പ്രതീക്ഷിക്കുന്നതായും കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഉത്തരവാദികളായ സർക്കാരുകളോട് ഇടപെടുന്നത് രാജ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ സമിതിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16