കുവൈത്തിൽ മഴക്കാല മുന്നൊരുക്കം തുടങ്ങി
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ മഴക്കാല മുന്നൊരുക്കം തുടങ്ങി. മഴക്കാലത്തെ നേരിടുന്നതിൻറെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. മഴയുണ്ടായാൽ അടിയന്തിരമായി നേരിടാനുള്ള പദ്ധതികൾ നടപ്പാക്കിട്ടുണ്ട്. മുൻവർഷങ്ങളിൽ മഴ മൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് ഇത്തവണത്തെ മഴക്കാലം നേരിടുന്നതിനുള്ള തയാറെടുപ്പ്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
മലിനജല പൈപ്പുകൾ അടയുന്നത് ഒഴിവാക്കാൻ അഴുക്കുചാലുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനും അൽമഷാൻ പൊതു ജനങ്ങളോട് അഭ്യർഥിച്ചു. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ പറഞ്ഞു. ഡ്രെയിനേജ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാനും അധികൃതർക്ക് അൽമഷാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിരോധം, ആഭ്യന്തരം, സിവിൽ ഡിഫൻസ്,ഫയർഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, സിവിൽ ഏവിയേഷൻ അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16