കുവൈത്തിൽ അവശ്യ വസ്തുക്കളുടെ വില കൂടുന്നു; വിലവർധന പഠിക്കാൻ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി
ഭക്ഷ്യ വിതരണ കമ്പനികൾ സഹകരണ സംഘ യൂണിയന് നൽകിയ വിശദീകരണങ്ങൾ അന്വേഷണ സമിതി പരിശോധിക്കും.
കുവൈത്ത് സിറ്റി: വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച് പഠിക്കാൻ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയൻ അറിയിച്ചു. ഭക്ഷ്യ വിതരണ കമ്പനികൾ യൂണിയന് നൽകിയ വിശദീകരണങ്ങൾ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തിൽ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർധിക്കാൻ കാരണമായിട്ടുണ്ട്.
വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആന്റ് ഫിഷ് റിസോഴ്‌സസ്, കുവൈറ്റ് ഫ്‌ളോർ മിൽസ് എന്നിവരുമായി സമിതി കൂടിക്കാഴ്ച നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കി. ചിക്കന്റെയും മീനിന്റെയും മുട്ടയുടെയും വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്. പ്രാദേശിക വിപണിയിലും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളിലും വില നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Adjust Story Font
16