കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ളവർ സിവിൽ ഡിഫൻസുമായോ കോസ്റ്റ് ഗാർഡുമായോ ബന്ധപ്പെടണം.
ഇന്ന് പകൽ അന്തരീക്ഷം മൂടികെട്ടിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ആദൽ അൽ മർസൂഖ് വ്യക്തമാക്കി. രാത്രിയിൽ മഴ പെയ്യാമെന്നും തീരപ്രദേശങ്ങൾക്ക് സമീപം മൂടൽമഞ്ഞ് രൂപപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
മഴയോട് കൂടി അന്തരീക്ഷ താപനില 14 മുതൽ 15 ഡിഗ്രി വരെ കുറയുമെന്നും ഡിസംബർ 20 ഓടെ കാറ്റുള്ള കാലാവസ്ഥ അവസാനിക്കുമെന്നും ആദൽ അൽ മർസൂഖ് പറഞ്ഞു. മഴയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയിൽ അപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ 112 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16