കുവൈത്തില്‍ വൈദ്യുതി-ജല ക്രമക്കേടുകളില്‍ റെക്കോർഡ് വര്‍ധന; പരിശോധന കാമ്പയിന്‍ ശക്തം
വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നീവരുമായി സഹകരിച്ചാണ് വൈദ്യുതി, ജല മന്ത്രാലയം പരിശോധന കാമ്പയിന്‍ നടത്തുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജല-വൈദ്യുതി ക്രമക്കേടുകള്‍ വര്‍ദ്ധിക്കുന്നു. ജുഡീഷ്യൽ പോലീസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 90ലേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ വൈദ്യുതി-ജല ക്രമക്കേടുകളില്‍ റെക്കോർഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നീവരുമായി സഹകരിച്ചാണ് വൈദ്യുതി, ജല മന്ത്രാലയം പരിശോധന കാമ്പയിന്‍ നടത്തുന്നത്.
നിലവാരമില്ലാത്ത വൈദ്യുതി വയറിംഗ് കണ്ടെത്തി നീക്കം ചെയ്യുവാനാണ് കാമ്പയിന്‍ സംഘടിപ്പിച്ചതെന്ന് ഡെപ്യൂട്ടി ടീം ഹെഡ് അഹമ്മദ് അൽ-ഷമ്മരി പറഞ്ഞു.വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗത്തിൽ വൻ വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. വൈദ്യുതി കണക്ഷനുകളിലെ ക്രമക്കേടുകളും, മോഷണവും പവർ ഗ്രിഡില്‍ വലിയ സമ്മർദ്ദമാണ് തീര്‍ക്കുന്നതെന്ന് അൽ-ഷമ്മരി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ചൂട് കനക്കുന്നതോടെ വൈദ്യതി ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബലി പെരുന്നാളിന് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ബാച്ചിലർമാര്‍ താമസിക്കുന്ന പ്രദേശങ്ങളിലും പരിശോധന ഊര്ജ്ജിതമാക്കുമെന്ന് അഹമ്മദ് അൽ-ഷമ്മരി വ്യക്തമാക്കി. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം അനധികൃതമായി അവയില്‍ മാറ്റം വരുത്തി പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നതും വൈദ്യുതി, ജലത്തിന്‍റെ അമിത ഉപഭോഗത്തിന് കാരണമാകുന്നുണ്ട്.അതിനിടെ ശക്തമായ പരിശോധനകള്‍ രാജ്യ വ്യാപകമായി നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാല്‍ കെട്ടിട ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുവാനുമാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16