കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കൾ കുവൈത്തിലെത്തി
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴു പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ ചികിത്സയിൽ കഴിയുന്ന എൻ.ബി.ടി.സി ജീവനക്കാരുടെ ബന്ധുക്കളിൽ അഞ്ചു പേർ ഞായറാഴ്ച കുവൈത്തിൽ എത്തി. ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച, പരിക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെയാണ് എൻ.ബി.ടി.സി മാനേജ്‌മെന്റ് കുവൈത്തിലെത്തിച്ചത്. ജീവനക്കാരുടെ ബന്ധുക്കളിൽ നാല് പേർ കൂടി ബുധനാഴ്ചയോടെ കുവൈത്തിലെത്തും.
മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരന്റെ സഹോദരൻ ഷാരൂഖ് ഖാനും കുവൈത്തിലെത്തി. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാനാണ് ശ്രമം. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എൻ.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു. ഞായറാഴ്ച ഡി.എൻ.എ പരിശോധന പൂർത്തീകരിച്ചതായി എൻ.ബി.ടി.സി എച്ച്. ആർ ആൻഡ് അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴു പേരാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്.
Adjust Story Font
16