കുവൈത്തിലെ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കൽ; നിർണായക യോഗം ബുധനാഴ്ച
വിഷയത്തിൽ അതോറിറ്റി നേരത്തെ കൈകൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യോഗം
കുവൈത്തിൽ 60 വയസ്സ് പിന്നിട്ട വിദേശികളുടെ ഇഖാമ പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി നിർണായക യോഗം ബുധനാഴ്ച ചേരും. വിഷയത്തിൽ അതോറിറ്റി നേരത്തെ കൈകൊണ്ട തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യോഗം. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന വിവാദ ഉത്തരവ് അതോറിറ്റി പിൻവലിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എന്നുമുതൽ പ്രാബല്യത്തിലാകുമെന്നതുമാണ് ആളുകൾ ഉറ്റുനോക്കുന്നത്. നേരത്തെ തീരുമാനം വന്നതിന് ശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നതും നിർണായകമാണ്.
അതിനിടെ 60 വയസ്സിന് മുകളിലുള്ളവർക്ക് ഇഖാമ പുതുക്കാൻ 250 ദീനാർ ഫീസ് ചുമത്തണമെന്നും പ്രത്യേക ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്. മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ആയി നിയമിതയായ ഇമാൻ ഹസൻ ഇബ്രാഹിം അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള ആദ്യയോഗമാണ് ബുധനാഴ്ച ചേരാനിരിക്കുന്നത്. മുൻ ഡയറക്ടർ അഹ്‌മദ് മൂസ സസ്‌പെൻഷനിലായതിനെ തുടർന്നാണ് ഇവരുടെ നിയമനം. നയപരമായ കാര്യത്തിൽ മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തതാണ് അഹ്‌മദ് മൂസക്കെതിരെ നടപടിയെടുക്കാൻ കാരണം.
Adjust Story Font
16