കുവൈത്തില്‍ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിന് നിയന്ത്രണം
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ ട്രാഫിക് വിഭാഗത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയത്.
സർക്കാർ രൂപീകരണത്തിന് ശേഷം പുതിയ നിർദ്ദേശങ്ങൾ അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയിൽ പ്രധാനമായത്. ചില പ്രത്യേക തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയമം, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്. കുവൈത്തിൽ രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും, ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാൻ അനുമതി.
ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസുകൾ സ്വമേധയാ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ.
Adjust Story Font
16