ഗവര്‍ണറേറ്റുകളുടേയും പ്രദേശങ്ങളുടേയും സുരക്ഷ; മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തിന്റെ എല്ലാ പ്രദേശങ്ങളുടേയും സുരക്ഷ നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതലുകളും നടപടികളും കൈകൊള്ളണമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി, ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് അറിയിച്ചു.
ആറ് ഗവര്‍ണറേറ്റുകളിലെയും എല്ലാ മേഖലകളിലേക്കുമാവശ്യമായ സുരക്ഷാ വിന്യാസവും പട്രോളിങ്ങും പഴുതടച്ച നിരീക്ഷണങ്ങളും നടത്തുന്നതിനു പുറമെ, പുതിയ പദ്ധതികള്‍ രൂപീകരിച്ച് നടപ്പാക്കണം. അതിനായി ട്രാഫിക് സംവിധാനങ്ങള്‍, പൊതു സുരക്ഷ, ക്രിമിനല്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ മേഖലകളും തമ്മില്‍ ഏകോപിച്ച് സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ സ്വീകരിക്കുമ്പോള്‍ മാനുഷിക മൂല്യങ്ങള്‍ മാനിച്ചുകൊണ്ടു തന്നെ പൊതുജനങ്ങളുമായി ഇടപെടണം. അവരോട് സൗഹാര്‍ദപരമായി ആശയവിനിമയം നടത്തണം.
പൗരന്മാരുടെയോ താമസക്കാരുടെയോ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഏതെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അവയെ വിജയകരമായി കൈകാര്യം ചെയ്യണം. അതിനുതകുന്ന കഴിവുകളുള്ളവരാണ് രാജ്യത്തെ മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെന്നും അല്‍ ബര്‍ജാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം. ജനങ്ങള്‍ എപ്പോഴും അവരുടെ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
Adjust Story Font
16