ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ് വിവാദം, കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ വാണിജ്യ മന്ത്രാലയം പരിശോധിക്കും
നറുക്കെടുപ്പുകൾക്കെതിരെ പരാതികൾ നൽകാനായി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ പരിശോധിക്കാൻ ഒരുങ്ങി വാണിജ്യ മന്ത്രാലയം. ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് വാണിജ്യ മന്ത്രാലയം പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചത്. 2015 മുതലുള്ള ബാങ്കുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നറുക്കെടുപ്പുകൾ സുതാര്യത ഉറപ്പാക്കുന്നതിനായി അന്വേഷണ കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കും. പരിശോധനാ കാലാവധി ദീർഘിപ്പിക്കേണ്ടതുണ്ടോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് അന്വേഷണ സമിതി മേധാവി അദ്‌നാൻ അബോൾ അറിയിച്ചു. കൂടാതെ, പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകൾക്കെതിരെ പരാതികൾ നൽകാനായി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതിനിടെ റാഫിൾ നറുക്കെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനെയും അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ പങ്കുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി ഇന്റർപോൾ മുഖേന അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
Adjust Story Font
16