Quantcast

കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. 313 ആക്ടീവ് കോവിഡ് കേസുകളിൽ ആശുപത്രിയിലുള്ളത് 12 പേർ മാത്രമാണ്

MediaOne Logo

Web Desk

  • Updated:

    2021-12-07 16:29:28.0

Published:

7 Dec 2021 4:27 PM GMT

കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
X

കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും അഭ്യർഥന ജനങ്ങൾ ഉൾക്കൊണ്ടതും ഒമിക്രോൺ വകഭേദം ആശങ്ക സൃഷ്ടിച്ചതുമാണ് വർധനയ്ക്ക് കാരണം. മിശ്രിഫ് വാക്‌സിനേഷൻ സെൻററിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ അനുഭവപ്പെട്ടു. സ്വദേശികളും വിദേശികളും കൂടുതലായി ബൂസ്റ്റർ ഡോസ് എടുക്കാൻ എത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ വൈറസ് വ്യാപിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചിരുന്നു. ഇത് ഫലം ചെയ്തതതായാണ് വിലയിരുത്തൽ. സൗദി, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ അടക്കം ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം കനത്ത ജാഗ്രതയിലാണ്. രാജ്യത്തിപ്പോഴും ഒമിക്രോണിന് മുമ്പുള്ള പ്രോട്ടോകോളാണ് പിന്തുടരുന്നതെന്നും അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മറ്റു പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി കർശനമായി പരിശോധിക്കാൻ വ്യോമയാന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. 313 ആക്ടീവ് കോവിഡ് കേസുകളിൽ ആശുപത്രിയിലുള്ളത് 12 പേർ മാത്രമാണ്. സമീപ ദിവസങ്ങളിൽ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നവംബറിൽ ആകെ നാല് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. 20,000ത്തിന് മുകളിൽ ആളുകൾക്ക് പരിശോധന നടത്തുന്നുണ്ടെങ്കിലും 0.15 ശതമാനം മാത്രമാണ് ടെസ്റ്റ് പോസിറ്റീവിറ്റി. ഇതുവരെ ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാത്തതും ആശ്വാസം പകരുന്നതാണ്.

TAGS :
Next Story