മുഖം മിനുക്കാനൊരുങ്ങി കുവൈത്തിലെ സൂഖ് മുബാറക്കിയ
കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മാർക്കറ്റാണ് സൂഖ് മുബാറക്കിയ
കുവൈത്ത് സിറ്റി: മുഖം മിനുക്കാനൊരുങ്ങി സൂഖ് മുബാറക്കിയ. കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മാർക്കറ്റായ സൂഖ് മുബാറക്കിയയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാകും. അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് ഊർജ്ജിതമായി നടക്കുന്നത്.
അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്ന പദ്ധതിക്ക് 6 ദശലക്ഷം ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ രണ്ടര വർഷം മുമ്പ് മുബാറക്കിയ സൂക്കിൽ നടന്ന തീപിടുത്തം മാർക്കറ്റിലെ ഒരു ഭാഗത്തെ കാര്യമായി ബാധിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ നേതൃത്വത്തിലാണ് പുനർനിർമ്മാണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ മുബാറകിയ പഴയ പ്രതാപത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ ഏറ്റവും പഴക്കമേറിയ മർക്കറ്റാണ് സൂഖ് മുബാറക്കിയ. കുവൈത്ത് സിറ്റിയിൽ അബ്ദുല്ല അൽ മുബാറക്, അബ്ദുല്ല അൽ സലേം, ഫലസ്തീൻ സ്ട്രീറ്റുകൾ എന്നിവയ്ക്കിടയിലാണ് ജനപ്രിയ മാർക്കറ്റായ സൂഖ് മുബാറക്കിയ സ്ഥിതി ചെയ്യുന്നത്. 21,000 ത്തോളം കടകൾ ഉൾപ്പടെ ഏകദേശം 1,31,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മുബാറകിയ സൂക്കിന് 200 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Adjust Story Font
16