Quantcast

കുവൈത്തിൽ താമസ കുടിയേറ്റ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സുരക്ഷാ പരിശോധനയ്ക്ക് സമാന്തരമായി നാടുകടത്തൽ നടപടിയും വേഗത്തിലാക്കും.

MediaOne Logo

Web Desk

  • Published:

    30 Aug 2023 4:34 PM GMT

Strict action against those who violate the immigration law in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടികളുമായി അധികൃതർ. പരിശോധനയിൽ പിടികൂടുന്നവരെ ബയോമെട്രിക് സ്‌കാൻ നടത്തി ഉടൻ നാടുകടത്തും. അനധികൃത ഫിംഗർപ്രിന്റ് ശസ്ത്രക്രിയ നടത്തി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച പ്രവാസികളെ കഴിഞ്ഞ ദിവസം പിടികൂടിയതിനെ തുടർന്നാണ് നിയമങ്ങൾ കർശനമാക്കാൻ അധികൃതർ ഒരുങ്ങുന്നത്.

വിരലറ്റത്തിന്റെ പുറംഭാഗം മുറിച്ച് ശസ്ത്രക്രിയ നടത്തി വിരലടയാള പാറ്റേണുകളിൽ മാറ്റം വരുത്തിയാണ് ഇവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. അതിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയ പ്രവാസികൾ തിരികെ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നാട് കടത്തുന്നതിന് മുമ്പായി അവരുടെ ബയോമെട്രിക് സ്‌കാൻ പൂർത്തീകരിക്കും. അതോടൊപ്പം സുരക്ഷാ പരിശോധനയ്ക്ക് സമാന്തരമായി നാടുകടത്തൽ നടപടിയും വേഗത്തിലാക്കും.

നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ പഴുതടച്ച പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കര-വ്യോമ അതിർത്തികളിൽ സജ്ജീകരിച്ചിരിക്കുന്ന ബയോമെട്രിക് സംവിധാനങ്ങൾ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

തൽഹ ജയിലിൽ കഴിയുന്ന പാസ്പോർട്ട് ഉള്ള പ്രവാസികളെ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം ഉടൻ നാടുകടത്തും. രേഖകൾ ഇല്ലാത്ത പ്രവാസികളെ എംബസികളുമായി ബന്ധപ്പെട്ട് അതിവേഗം നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 25,414 പ്രവാസികളെയാണ് കുവൈത്തിൽ നിന്നും നാട് കടത്തിയത്. ഇതിൽ 14,579 പേർ പുരുഷന്മാരും 10,835 പേർ സ്ത്രീകളുമാണ്.

TAGS :

Next Story