കുവൈത്ത് വിമാനത്താവളത്തിൽ അനധികൃത ടാക്സികൾക്കെതിരെ കാമ്പയിൻ ശക്തമാക്കും
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃത ടാക്സി സർവീസുകൾക്കെതിരെയുള്ള കാമ്പയിൻ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘനം നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ കുവൈത്ത് വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ബിഡൂനിയാണെങ്കില്‍ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും 48 മണിക്കൂര്‍ കസ്റ്റഡിയിൽ വെക്കുകയും ചെയ്യും.
നേരത്തെ വിമാനത്താവളത്തില്‍ ഔദ്യോഗിക ടാക്സി സര്‍വീസ് നടത്തുന്ന സ്വദേശികള്‍ കള്ള ടാക്സികള്‍ക്കെതിരെ പരാതികള്‍ നല്‍കിയിരുന്നു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ.
അംഗീകൃത എയർപോർട്ട് ടാക്സികളിലെ ഡ്രൈവർമാർ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും, ഇതിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സര്‍വീസുകള്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എത്തുന്ന സ്വകാര്യ വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16