Quantcast

കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ തുടരുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടന്ന പരിശോധനകളിൽ നൂറോളം വിദേശികൾ പിടിയിലായി

MediaOne Logo

Web Desk

  • Updated:

    15 Aug 2022 7:24 PM

Published:

15 Aug 2022 7:18 PM

കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ തുടരുന്നു
X

കുവൈത്ത് സിറ്റ: കുവൈത്തിൽ താമസനിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടന്ന പരിശോധനകളിൽ നൂറോളം വിദേശികൾ പിടിയിലായി. ഫർവാനിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 പേരും ബിനീദ് ഘർ, ശുവൈഖ് വ്യവസായമേഖല എന്നിവിടങ്ങളിൽ നിന്ന് 32 പേരുമാണ് തിങ്കളാഴ്ച പോലീസിന്റെ പിടിയിലായത്.

താമസരേഖകൾ ഇല്ലാത്ത ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് പോലീസ് സേനയിലെ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന ക്യാമ്പയിൻ നടത്തുന്നത്. വെള്ളി ശനി ദിവസങ്ങളിൽ ജലീബ് അൽ ശുയൂഖിലും മെഹ്ബൂലയിലും നടന്ന ചെക്കിങ്ങിൽ നിരവധി പേർ പിടിയിലായിരുന്നു. ഓരോ പ്രദേശത്തും പ്രവേശന കവാടങ്ങളിൽ പ്രത്യേക ചെക്ക് പോയിന്റുകൾ തീർത്താണ് രേഖകൾ പരിശോധിക്കുന്നത്.

താമസ നിയമലംഘകരെ പിടികൂടുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളും ഇസ്ലാമിക മര്യാദകളും പാലിക്കാത്ത ആളുകൾക്ക് കുവൈത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സ്വബാഹ് വ്യക്തമാക്കിയിരുന്നു. വിദേശി ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിൻ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

TAGS :

Next Story