ശക്തമായ തണുപ്പിൽ കിടുകിടാ വിറച്ച് കുവൈത്ത്
പകൽ സമയത്ത് മിതമായ തണുപ്പും രാത്രിയിൽ കടുത്ത തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനുഭവപ്പെടുന്ന തണുപ്പ് വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാത്രി മുതല്‍ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കാലാവസ്ഥാമാറ്റത്തിന്റെ സൂചനകൾ നൽകി രാജ്യത്ത് വ്യാപകമായ രീതിയിൽ മഴ പെയ്തിരുന്നു.
വാരാന്ത്യങ്ങളിൽ തണുപ്പ് കൂടുമെന്നും രാത്രിയിൽ അന്തരീക്ഷ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് അന്തരീക്ഷ താപനില കുറയുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും.
പകൽ പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില ഏഴു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ തണുപ്പ് വർധിക്കാം. രാത്രി സമയങ്ങളിൽ തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഡിസംബർ മാസത്തോടെ താപനില ഗണ്യമായി കുറയും.
Adjust Story Font
16